നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നം

Image may contain: 1 person, smiling, beard, eyeglasses and closeup

ഇടയ്‌ക്കിടയ്‌ക്ക് വശപ്പെശകായ സ്വപ്‌നങ്ങൾ കാണുന്ന പതിവുണ്ടെനിക്ക്. എന്റെ കൺട്രോളിലല്ലാത്തതു കൊണ്ട് നല്ലതായാലും ചീത്തയായാലും വലിയ ലോജിക്കൊന്നും കൂടാതെ ഞാൻ ആസ്വദിക്കാറാണ് പതിവ്. ലോജിക്കില്ല എന്നു പറയുമ്പോൾ അതിശയോക്തി ഇല്ലാതെ തന്നെ പറയാം. സ്‌ഥലങ്ങൾ തമ്മിലോ ആളുകൾ തമ്മിലോ വസ്തുക്കൾ തമ്മിലോ ഒന്നും ഒരു ബന്ധവും സ്വപ്‌നങ്ങളിൽ ഉണ്ടാകണമെന്നില്ല. ഒരു കഥ പോലെ പറയാൻ പറ്റണം എന്നുമില്ല. ഒടുക്കത്തെ സങ്കടവും നല്ല കലക്കൻ സന്തോഷവും മാത്രമല്ല, തെറ്റില്ലാത്ത ഭയവും നിർത്താൻ പറ്റാത്ത ചിരിയും തികഞ്ഞ മണ്ടത്തരവും ഒക്കെ സ്വപ്‌നങ്ങൾ നമുക്ക് സമ്മാനിക്കുകയും ചെയ്യും...
അങ്ങനെ ഒരു സ്വപ്‌നം....
എറണാകുളം വൈറ്റില ഗോൾഡ് സൂക്ക് മാളിലെ പാർക്കിംഗ് വളരെ പ്രത്യേകതയുള്ളതാണ്. നാടോടിക്കാറ്റ് എന്ന സിനിമയിൽ ദാസനും വിജയനും പവനായിയുമായി ഇടിപിടിക്കുന്ന ലൈറ്റ് ഹൗസിലെ സ്‌റ്റെപ്‌സ് ഓർമയില്ലേ.. അതു പോലെ വളഞ്ഞു വളഞ്ഞു കയറുന്ന വഴി ആണ് പാർക്കിങ്ങിലേക്ക്. സ്വപ്‌നം തുടങ്ങിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയാണ്. നല്ല ക്ഷീണം. എന്നാ വണ്ടി എവിടെയെങ്കിലും ഒന്ന് പാർക്ക് ചെയ്തേക്കാം എന്ന് കരുതി ഞാൻ ഗോൾഡ് സൂക്കിലെ പാർക്കിങ്ങിലേക്ക് കയറി.
സെക്യൂരിറ്റി ചെക് പോയിന്റിൽ ടിക്കറ്റ് എടുത്ത് മുന്നോട്ട് നീങ്ങിയ എനിക്ക് പാർക്കിങ്ങിലെ കയറ്റവും വളവും ഒരു വണ്ടർ ലാ റൈഡ് പോലെ തോന്നി. ഞാൻ ഇങ്ങനെ ഒരു റോളർ കോസ്‌റ്ററിൽ ഇരിക്കുകയാണ്. ആരോ ഒരു സ്വിച്ച് അമർത്തി. അപ്പോഴതാ കുലുങ്ങി കുലുങ്ങി ഞാൻ ഇരിക്കുന്ന തൊട്ടി മുകളിലേക്ക് പതിയെ പതിയെ കയറുകയാണ്. വശങ്ങളിലോ അല്ലെങ്കിൽ മുൻപിൽ കൈ പിടിക്കാനുള്ള കമ്പിയിലോ മുറുകെ പിടിക്കണം. ഈ സ്ലോനെസ് കാര്യമാക്കാനില്ല. ഏറ്റവും മുകളിലെത്തിയാൽ കോസ്‌റ്റർ താഴേയ്‌ക്ക് ശരവേഗത്തിൽ വരാനുള്ളതാണ്. അവസാനം താഴെ ഉള്ള ഒരു ചെറിയ വാട്ടർ പൂളിലേക്ക് തെന്നിയിറങ്ങും...
സാർ..ദിസ് വേ..
ആര്?
സാർ, ഇവിടെ പാർക്ക് ചെയ്തോളൂ...പാർക്കിംഗ് അസിസ്‌റ്റന്റ് പയ്യനാണ്. മുൻപിൽ ഒഴിവുള്ള ഒരു സ്ലോട് കാണിച്ചു തന്ന് അവിടെ പാർക്ക് ചെയ്തു കൊള്ളാൻ പറയുകയാണ്.
ഓഹ്..ഓകെ..
പതിയെ വണ്ടി ഒതുക്കി പാർക് ചെയ്തു.
ഡോർ തുറക്കാൻ വന്ന പയ്യനോട് പറഞ്ഞു.
നോ.. ഇറ്റ്‌സ് ഓകെ.. ലെറ്റ് മി സിറ്റ് ഹിയർ സം മോർ ടൈം.. റാദർ, ലെറ്റ് മി സ്ലീപ് സം ടൈം. ഓകെ?
ഓകെ സർ..
ഡോർ അടച്ച് പെൻ ഡ്രൈവ് കുത്തി ദാസേട്ടന്റെ പഴയ മെലഡി പ്ലേ ചെയ്ത് ഞാൻ അൽപ സമയം ഉറങ്ങാൻ ആരംഭിച്ചു..
ഉറക്കത്തിൽ നിന്ന് കണ്ണു തുറന്ന ഞാൻ ഒരു നിമിഷം ഒന്നു ഞെട്ടി. പരിസരമാകെ നല്ല വെള്ളിവെളിച്ചം..എന്റെ വണ്ടി ഏതൊക്കെയോ കടകളുടെ മുൻപിൽ നിർത്തിയിട്ടിരിക്കുകയാണ്... അല്ല, ഇതെങ്ങിനെ? ഞാൻ മാളിനകത്ത് എത്തിയിരിക്കുകയാണല്ലോ..
ടക് ടക്...
ആരോ കാറിന്റെ വിൻഡോയിൽ ആഞ്ഞു തട്ടുകയാണ്. ഞാൻ വിൻഡോ അൽപം താഴ്‌ത്തി.
കറുത്ത ബ്ലേസറും ടൈയും ധരിച്ചാരു സുന്ദരൻ പയ്യൻ.. ആകെ ഒരു കുറ്റം പറയാമെങ്കിൽ അതവന്റെ മുടി മാത്രമാണ്. മുകളിലേക്ക് പല സൈഡുകളിലേക്ക് ഉയർത്തി ഒട്ടിച്ച് ചെമ്പൻ നിറം നൽകി മാക്‌സിമം വൃത്തികേടാക്കിയിരിക്കുന്നു.
എന്താ? ഞാൻ ചോദിച്ചു.
സർ, അൽപം ഒതുക്കിയിടാമോ.. കടയുടെ മുൻപിൽ നിന്ന്.. ഇപ്പോ നല്ല കച്ചോടം നടക്കണ സമയോണ്..
ഒതുക്കിയിടാനോ.. ഞാൻ പോകുകയാണ്. അൽപ സമയം ഉറങ്ങണം എന്നേയുള്ളു.. നൗ ഐ ആം ഓകെ. ഇപ്പൊ എടുത്തോളാം.
ഞാൻ വണ്ടി ഗിയർ മാറ്റി മുൻപോട്ട് എടുക്കാൻ ആരംഭിച്ചു. ഉടൻ സൈഡിൽ നിന്ന പയ്യൻ,
സർ.. അങ്ങോട്ട് എടുക്കാൻ പറ്റൂല്ല.. അവിടെ കൈവരിയുണ്ട്. സാർ ഇപ്പോ മൂന്നാം നിലയിൽ ആണ്. മുന്നോട്ട് പോയാൽ താഴെ വീഴും..
ഓഹ്.. എന്നാൽ ഞാൻ അൽപം പുറകോട്ട് എടുക്കാം..
ഒരുപാട് പുറകോട്ട് പറ്റൂലട്ടാ.. അവിടെ സ്‌റ്റെയർ ആണ്.
ഓകെ. സ്‌റ്റെയറോ? എവിടെ സ്‌റ്റെയർ? ഞാൻ അപ്പോ എതിലെയാ ഇങ്ങോട്ട് വന്നത്?
അതറിയില്ല. ഇപ്പ ഒന്ന് ലെഫ്‌റ്റ് എടുത്താ സാറിന് വണ്ടി ഒന്ന് ഒതുക്കിയിടാം..എനിക്ക് അതു മതി.
ഇത്രയും പറഞ്ഞ സ്‌ഥിതിയ്‌ക്ക് ഞാൻ ഫ്രണ്ട് വിൻഡോയിലൂടെ മുന്നിലേക്ക് നോക്കി. ശരിയാണ്. മുൻപിൽ കൈവരിയാണ്. കൈവരിയിലെ ചില്ലിനിടയിലൂടെ മുകളിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന ഇലക്‌ട്രിക് തൂക്കുവിളക്ക് കാണാം. പുറകിലെ ഗ്ലാസിലൂടെ നോക്കിയപ്പോൾ കടയുടെ മുൻഭാഗവും കോണിപ്പടികളും കാണാം.
വരുന്നതു വരട്ടെ എന്നു കരുതി ഇടത്തേയ്‌ക്ക് വണ്ടി വെട്ടിച്ചു.
മുന്നിൽ ഒരു റാംപാണ്.
നല്ല ബോധത്തിലാണെങ്കിൽ നിഷ്‌പ്രയാസം ഞാൻ അതിലൂടെ വണ്ടി ഓടിച്ചേനെ. പക്ഷെ ഇതിപ്പോ ഉറക്കത്തിലാണ്. ചിലപ്പോൾ പാളും. മാത്രമല്ല, ഞാൻ ഇപ്പോ മൂന്നാം നിലയിലാണ്. മുൻപിലെ കൈവരി എങ്ങാൻ മിസ്സ് ആയാൽ താഴേയ്‌ക്ക് വണ്ടി വീണ് അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ട്. പുറകോട്ട് പോകാമെന്നു വെച്ചാൽ കോണിപ്പടികളും കടയും...
ഇടത്തേ ടയർ ഞാൻ പതുക്കെ റാംപിനു മുകളിലേക്ക് കയറ്റി.
ഹോയ്...ഹോയ്... ആളുകൾ ഓടി വരികയാണ്. എന്റെ അടുത്തേക്കാണോ? ഞാൻ വണ്ടി ഒന്നു നിർത്തി. ഇതിനകത്തു നിന്ന് നോക്കിയാൽ പകുതിയേ പുറം ഭാഗം കാണാൻ സാധിക്കുകയുള്ളൂ. ഒന്നു പുറത്തിറങ്ങി നോക്കാം..
ഡോർ തുറന്ന് പുറത്തിറങ്ങാൻ നോക്കിയ എന്നെ ആരൊക്കെയോ പുറത്തു നിന്ന് തടഞ്ഞു. ഇറങ്ങല്ലേ... ആരോ പറയുന്ന പോലെ...
ഞാൻ വിൻഡോയുടെ ഗ്ലാസ് താഴ്‌ത്തി തല പകുതി പുറത്തേക്കിട്ട് നോക്കി..
കടകളുടെ ഇടയിലുള്ള കൈവരികൾക്കിടയിലൂടെ പൂച്ചട്ടികൾ തട്ടി നീക്കിക്കൊണ്ട് വണ്ടിയുടെ മുൻ ചക്രങ്ങൾ രണ്ടും വായുവിൽ നിൽക്കുകയാണ്.
എന്നാലും പുറകിലെ ചക്രങ്ങൾ നിലത്തുണ്ടല്ലോ..റിവേഴ്‌സ് ഗിയർ ഇട്ടു നോക്കിയാലോ?
റിവേഴ്‌സ് ഗിയറിൽ വണ്ടി അനങ്ങുന്നില്ല. ആളുകൾ ചുറ്റും കൂടി നിൽക്കുകയാണ്. താഴെ എന്തൊക്കെയോ മാറ്റുകയും മറ്റും ചെയ്യുന്നു. അവിടെ വിൽപ്പനയ്‌ക്കായി പാർക്ക് ചെയ്തിരിക്കുന്ന ലാൻഡ് റോവറും മറ്റുമാണ്. അത് ആരൊക്കെയോ സ്‌പീഡിൽ ഓടിച്ച് മാറ്റാൻ നോക്കുന്നുണ്ട്.
ഫയർ ഫോഴ്‌സിന്റെ അലാമും കേൾക്കുന്നുണ്ട്.
പൊലീസാണെങ്കിൽ ഇപ്പോഴെത്തും.. ഒരിക്കലും പാർക്ക് ചെയ്യരുതാത്ത ഒരു സ്‌ഥലത്തായിപ്പോയി എന്റെ പാർക്കിംഗ്.. ആ പയ്യനെ പറഞ്ഞാ മതി. അവൻ പാർക്ക് ചെയ്യാൻ പറഞ്ഞ സ്‌ഥലത്തു തന്നെയാണ് ഞാൻ പാർക്ക് ചെയ്തത്. അവൻ ആരാണെന്നും യൂണിഫോം ഉണ്ടോ എന്നും നോക്കണ്ടതായിരുന്നു...
അതൊക്കെ പോട്ടെ ഇനി എന്തു ചെയ്യും?
പൊലീസും ഫയർ ഫോഴ്‌സും ഒക്കെ വന്നു കഴിഞ്ഞു. ഇനി അവർ എന്റെ വണ്ടി ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുക്കുമായിരിക്കും.. പുറത്തിറങ്ങിയാൽ അടി ഉറപ്പ്..വണ്ടിയ്‌ക്കും മറ്റുമുണ്ടായ കേടുപാടുകൾ വേറെയും...
ഇനി എന്തു ചെയ്യും...
എഴുന്നേൽക്കുക തന്നെ...
എന്ത്?
ആ.. ഉറക്കം നിർത്തിയേക്കാം എന്ന്.. സ്വപ്‌നം കണ്ടത് മതീന്നേ...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot