നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : ഞാൻ ജിമ്മി !


കഥ : ഞാൻ ജിമ്മി !
ഒരു തണുത്ത വെളുപ്പാൻ കാലത്തു, കണ്ണ് പോലും തുറക്കാൻ കഴിയാതെ ആകെ കുളിർന്നു ഞാൻ കിടക്കുമ്പോഴാണ് ഇളം ചൂടുള്ള കൈകളിലേക്ക് എന്നെയാരോ വാരി എടുത്തത്.
അന്ന് ഞാൻ പിറന്നു വീണിട്ടു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.
എന്റെ അമ്മക്ക് എന്നെ കൂടാതെ മൂന്നു കുഞ്ഞുങ്ങൾ കൂടെ ജനിച്ചു. പക്ഷെ അമ്മയെയോ സഹോദരങ്ങളെയോ കാണാതെ ഞാൻ അനാഥനായി.അവരെല്ലാം എവിടെയെന്നു പോലും എനിക്കറിയില്ല..
എന്നെ ഉയർത്തിയ കരങ്ങൾ സ്നേഹമുള്ളതായിരുന്നു .യജമാനൻ നേരേ എന്നെ ആശുപത്രിയിലേക്ക് ആണ് കൊണ്ടുപോയത്. കുത്തി വെച്ചപ്പോൾ ലേശം വേദന തോന്നിയെങ്കിലും അത് എന്റെ ആരോഗ്യത്തിനു വേണ്ടിയാണെന്നെനിക്കു മനസിലായി. തിരിയെ യജമാനൻ എന്നെ കാറിൽ കയറ്റി അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ട് പോയി.
“ഹായ് നല്ല പട്ടി കുട്ടി!” എന്ന് പറഞ്ഞു ചുവന്ന പുള്ളി ഉടുപ്പിട്ട സുന്ദരിയായ ഒരു പത്തു വയസുകാരി ഓടി എത്തി.
“നിനക്ക് കളിയ്ക്കാൻ ആരുമില്ലെന്ന വിഷമം മാറട്ടെ” -യജമാനൻ എന്നെ അവളുടെ കുഞ്ഞു കൈകളിലേക്ക് നീട്ടി. മടിയോ പേടിയോ കൂടാതെ അവളെന്നെ മാറോടു ചേർത്ത് പിടിച്ചു. എനിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നി.
“ശോ എവിടെയോ കിടന്ന സാധനം. നിങ്ങൾ അതിനെ എടുത്തോണ്ട് വന്നോ ? “- അകത്തു നിന്നും ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു.യജമാനന്റെ ഭാര്യയാവും
“നീ പേടിക്കെണ്ട..ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി ഇൻജെക്ഷൻ എടുത്തു കൊണ്ട് വന്നതാണ്. വാങ്ങാൻ ചെന്നാൽ ഈ ഇനത്തിനു നല്ല വില കൊടുക്കണം. ആരോ ഉപേക്ഷിച്ചു പോയതാണ്. നമുക്ക് വളർത്താം. ആവശ്യം വരും -.യജമാനൻ ഭാര്യയോട് പറഞ്ഞു
“നിമ്മി നീ അകത്തു പോയി അതിനു പാല് കൊടുക്ക്.. പാവം. വിശക്കുന്നുണ്ടാവും.” യജമാനൻ മകളോട് പറഞ്ഞു
സത്യം! എനിക്ക് നന്നായി വിശക്കുണ്ട്. കരയാൻ പോലും ശേഷിയില്ല .ഇളം ചൂടുള്ള പാൽ നിമ്മി പാത്രത്തിൽ എനിക്ക് തന്നു. എഴുനേറ്റു നില്ക്കാൻ ബുദ്ധിമുട്ടിയെങ്കിലും ആ പാൽ മുഴുവൻ ഞാൻ കുടിച്ചു. നന്ദിയോടെ നിമ്മിയെ നോക്കി
“കള്ളൻ മുഴുവൻ കുടിച്ചു ഡാഡി”- അവൾ എന്നെ തലോടി പറഞ്ഞു.
“ഉം വിശന്നു കാണും. നാളെ ഡാഡി അവനു ഒരു കൂടു കൊണ്ട് വരാം കേട്ടോ. മോളെ ,നമ്മുക്ക് ഇവനെ എന്ത് പേരിട്ടു വിളിക്കണം?”
“ജിമ്മി”- നിമ്മി അധികം ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു
“ഓക്കേ..ജിമ്മി”
അങ്ങിനെ ഞാൻ ജിമ്മിയായി . സ്വന്തമായ ഒരു പേരും വീടും സ്നേഹിക്കാൻ അറിയാവുന്ന ആളുകളുമുള്ള ജിമ്മി എന്ന അനുസരണയുള്ള നായക്കുട്ടി!
**
പിന്നീട് എനിക്ക് വളർച്ചയുടെയും സന്തോഷത്തിന്റെയും നാളുകൾ! ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിച്ചു. ഞാനും നിമ്മിയും കളിച്ചും സ്നേഹിച്ചും ഒന്നിച്ചു വളർന്നു. യജമാനത്തിക്കും എന്നോടുള്ള ദേഷ്യം പതിയെ മാറി.
രാവിലെ ഞാനും യജമാനനും നടക്കാനിറങ്ങും. എന്റെ വർഗത്തിലുള്ളവയുടെ അസൂയ കലർന്ന നോട്ടത്തിനിടയിലൂടെ ഞാൻ അഹങ്കാരത്തോടെ നടന്നു. ഞാൻ അവരെ പോലെയല്ല . വൃത്തിയും ആരോഗ്യവുമുള്ള ശരീരം .എന്റെ കഴുത്തിൽ പല വർണ്ണങ്ങളിൽ ബെൽറ്റ് ഉണ്ട്. അതെ, ഞാൻ അനാഥൻ അല്ല!
യജമാനന് കച്ചവടമാണെന്നു എനിക്ക് മനസിലായി. ഒരു പാട് ആളുകൾ ദിവസവും വരും, കുറെ വണ്ടികളും. അവരെ നോക്കി ഞാൻ കുരക്കുമ്പോൾ യജമാനൻ എന്നെ വഴക്കു പറയു- “ജിമ്മി, നോ !അത് നമ്മുടെ ആളുകൾ ആണ്”
ഒരിക്കൽ അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുന്നത് ഞാൻ കേട്ടു –“നിങ്ങൾക് ഇനിയെങ്കിലും ഇതു നിർത്തി കൂടെ ?”
യജമാനൻ കുഴപ്പത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നെന്റെ
മനസ് പറഞ്ഞു.
**
ഒഴിവു ദിവസങ്ങളിൽ ഞങ്ങളെല്ലാവരും കൂടെ ദൂരെ യജമാനന്റെ തറവാട്ടിലേക്ക് യാത്രയാവും. കാറിൽ യാത്ര ചെയ്യുമ്പോൾ ഞാൻ നിമ്മിയുടെ മടിയിൽ കിടക്കും. അവൾ എന്നെ തലോടി ഉറക്കും.
യജമാനന്റെ കാരണവന്മാർ ഉറങ്ങി കിടക്കുന്ന സ്ഥലം. പട്ടണത്തിലെ വീട് പോലെ അല്ല. ഒരുപാടു സ്ഥലം. അവിടെ ഒരു കാവൽക്കാരൻ ഉണ്ട്.
ഞാൻ അവിടെയെല്ലാം ഓടി ചാടി നടക്കും. നിമ്മി എനിക്ക് പിറകെയും. കുറെ ഓടുമ്പോൾ യജമാനൻ ഞങളെ വഴക്കു പറയും- “ദൂരെ പോവരുത്. ഇഴ ജന്തുക്കൾ ഉണ്ടാവും” .
എത്ര ആഹ്ലാദകരമായ ദിവസങ്ങൾ !
**
ഞാനും നിമ്മിയും കളിച്ചും ചിരിച്ചും വളർന്നു. എനിക്ക് ആ വീട്ടിൽ സർവ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു
വർഷങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു വീഴുന്നത്. നിമ്മി വലിയ പെൺകുട്ടിയായി.
ഒരു ദിവസം യജമാനൻ പതിവ് പോലെ എന്നെയും കൂട്ടി നടക്കാനിറങ്ങി. വഴിയിൽ വെച്ച് കുറെ ആളുകൾ കാറിൽ വന്നിറങ്ങി യജമാനനെ വളഞ്ഞു. അവരുടെ കൈയിൽ കത്തിയും വടിവാളുമടക്കം മാരകായുധങ്ങൾ .
ഞാൻ ചാടി അവരെ തടഞ്ഞു.. ആ മല്പിടുത്തതിൽ, യജമാനനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എനിക്ക് ഗുരുതരമായി പരുക്കേറ്റു. എങ്കിലും സാരമില്ല. ചെറിയ പരുക്കുകൾ മാത്രമായി യജമാനൻ രക്ഷപ്പെട്ടു. അങ്ങിനെ എന്റെ വർഗ്ഗത്തിന്റെ ഗുണം ഞാൻ വീണ്ടും തെളിയിച്ചു- നായ നന്ദി ഉള്ളതാണ്.
കുറെ നാളത്തെ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലുംപഴയതു പോലെ ഊർജസ്വലനാവാൻ എനിക്ക് കഴിഞ്ഞില്ല . ദേഹത്ത് നിന്നും രോമം കൊഴിയാൻ തുടങ്ങി. ഞാനറിയാതെ തന്നെ മലമൂത്ര വിസർജനം നടത്തുന്നു. അതെ ഞാൻ രോഗിയായി മാറി..
മാറ്റം എനിക്ക് മാത്രമല്ല എന്റെ ഉടമസ്ഥരിലും കാണാൻ കഴിഞ്ഞു . അവർ എനിക്ക് വീടിനുള്ളിൽ പ്രവേശനം നിഷേധിച്ചു. നിമ്മി മാത്രം പഴയ സ്നേഹം പ്രകടിപ്പിച്ചു. അവളെങ്ങിനെ എന്നെ മറക്കും? കോളേജിൽ നിന്ന് വന്നാൽ കൂടിനടുത്തു വന്നെന്നെ തുറന്നു വിടും. പഴയ പോലെ ഓടാൻ പറ്റിയില്ലെങ്കിലും ഞാൻ അവളുടെ കൂടെ പന്ത് കളിക്കും
അങ്ങിനെ ഇരിക്കുമ്പോൾ യജമാനൻ പുതിയ നായ കുട്ടിയെ കൊണ്ട് വന്നു. എന്റെ പഴയ കാലം ഓർമിപ്പിച്ചു കൊണ്ട് അവൻ അവിടമാകെ ഓടി നടക്കാൻ തുടങ്ങി. എല്ലാവരും പണ്ട് എന്നെ വാരിയെടുത്ത് പോലെ അവനെ വാരി എടുക്കുന്നു ,
കളിക്കുന്നു.. കുളിപ്പിക്കുന്നു. നല്ല നല്ല ഭക്ഷണം കൊടുക്കുന്നു എല്ലാം കൂട്ടിൽ കിടന്നു നിശബ്ദനായി ഞാൻ കണ്ടു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആര് കാണാൻ ?
നിമ്മിയുടെ കല്യാണത്തിന്റെ തലേന്നാൾ വിരുന്നുകാരിൽ ആരോ അറിയാതെ എന്റെ കൂടു തുറന്നു. ഈ സമയം നോക്കി ഞാൻ വീടിനുള്ളിൽ കടന്നു. കല്യാണ തിരക്കിൽ എന്റെ കാര്യം നിമ്മിയടക്കം എല്ലാവരും മറന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു . നിമ്മി യെ അനേഷിച്ചു നടന്ന എന്നെ യജമാനനും ഭാര്യയും കണ്ടു.
“ഹോ നാശം! ഇവിടം മുഴുവൻ വൃത്തികേടാക്കി ജന്തു .ഇത് ചാവുന്നുമില്ലലോ ? “- യജമാനൻ കൈയിലിരുന്ന എന്തോ എന്റെ നേർക്ക് വലിച്ചെറിഞ്ഞു. അയ്യോ .. അതെന്റെ വലതു കാലിൽ തന്നെ കൊണ്ടു ..
ഇല്ല, ഇനിയിവിടെയെനിക്ക് രക്ഷയില്ല . കല്യാണം കഴിഞ്ഞാൽ നിമ്മിയും ഇവിടെ നിന്ന് പോവും
ഞാൻ പതിയെവാതിലിനു വെളിയിൽ കടന്നു. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്കു ..
കാതുകളിൽ ഞാൻ ജീവൻ കൊടുത്ത യജമാനന്റെ സ്വരം -ഇത് ചാവുന്നുമില്ലലോ?
എന്റെ യാത്രയിൽ എനിക്കൊരു ല
ക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിശപ്പും രോഗവും എന്നെ തളർത്തിയില്ല . പകൽ സമയം എവിടെയെങ്കിലുംചുരുണ്ടു കൂടി കിടന്നു രാത്രിയിൽ ഞാൻ പ്രയാണം തുടർന്നു.
വഴിവക്കിലെ എച്ചിൽ ഭക്ഷിച്ചു. ഒന്നും ഞാൻ ഓർത്തതേയില്ല. ലക്ഷ്യത്തിൽ എത്രയും പെട്ടെന്ന് എത്തി ചേരണം
വയ്യാത്ത കാലും കൊണ്ട് അവസാനം മൂന്നാം ദിവസം ഞാൻ എത്തി ചേർന്നു ,യജമാനന്റെ തറവാട്ടിൽ. കാവൽക്കാരൻ കാണാതെഞാൻ അകത്തു കടന്നു.
നിമ്മിയും ഞാനും ഓടി കളിച്ച പറമ്പിലൂടെ കുറെ നടന്നു. ഒടുവിൽ പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ചു. എന്റെ കാലുകൾ കൊണ്ട് തോണ്ടിയും മാന്തിയും അവിടെ ഒരു കുഴിയെടുക്കാൻ തുടങ്ങി. യജമാനന്റെ കാരണവന്മാർ ഉറങ്ങുന്ന മണ്ണിലാവട്ടെ എന്റെ അന്ത്യവിശ്രമം. ഒരു ദിവസം യജമാനനും ഇവിടെ തന്നെ വരും, ഞാൻ എന്റെ ജീവൻ കൊടുത്തു രക്ഷിച്ച എന്റെ യജമാനൻ.
പ്രായവും പട്ടിണിയും എന്നെ തളർത്തി. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും വീണ്ടും ലക്ഷ്യം കണ്ടു. എനിക്ക് കിടക്കാൻ പറ്റിയ പാകത്തിൽ ഒരു കുഴി! ആ കുഴിയിൽ ഞാൻ വിശ്രമിക്കുമ്പോൾ കാവൽക്കാരൻ എന്നെകണ്ടു. അയാൾക്ക് എന്നെ മനസിലായി. അയാൾ എന്നെ “ജിമ്മി” എന്ന് സ്നേഹത്തോടെ വിളിച്ചു. എത്രയോ ദിവസങ്ങളായി ആരെങ്കിലും സ്നേഹത്തോടെ എന്റെ പേര് വിളിച്ചിട്ടു ? അയാളെനിക്ക് ഭക്ഷണവും വെള്ളവും തന്നു .പക്ഷെ കുഴിയിൽ നിന്നും പുറത്തിറങ്ങാൻ ഞാൻ കൂട്ടാക്കിയില്ല. ഇനി എനിക്ക് ജീവിക്കണ്ട .
എന്റെ ചെവികളിൽ മുഴങ്ങുന്നത് ഒരേ ഒരു ശബ്ദം - ഈ ജന്തു ചാവുന്നില്ലലോ?
എത്ര ദിവസം കഴിഞ്ഞുവെന്നെനിക്കറിയില്ല.
“ജിമ്മി” എന്ന വിളി വീണ്ടും ഞാൻ കേട്ടു. നിമ്മിയുടെ സ്വരം!
കാവൽക്കാരൻ വിളിച്ചു പറഞ്ഞിട്ട് വന്നതാവും കണ്ണ് തുറക്കാനെനിക്ക് കഴിഞില്ല . ഞാൻ അവശനായിരുന്നു. ഒരു തണുത്ത വെളുപ്പാൻ കാലത്തു യജമാനൻ കൈയിലെടുത്ത ദിവസങ്ങളോളം മാത്രം പ്രായമുള്ള നായ് കുട്ടിയേക്കാൾ അവശൻ. എങ്കിലും ചുവന്ന പുള്ളി ഉടുപ്പിട്ട പത്തുവയസുകാരിയെ ഞാൻ കണ്ടു. അവൾ എന്നെ വാരി എടുത്തു മാറോടു ചേര്ത്തു .
മതി .. എനിക്ക് തൃപ്തിയായി.
പാതി തുറന്ന മിഴികളിലൂടെ ഞാൻ നിമ്മിയോട് യാത്ര ചോദിച്ചു..
- നന്ദിയും നന്ദികേടുകളും ഇല്ലാത്ത ലോകത്തേക്ക് ..
സാനി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot