നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആലാഹയുടെ ഒറ്റപ്പുത്രൻ ( കഥയെഴുത്ത് - മത്സരം) - Entry 3



കുർബാന തുടങ്ങാൻ ഏതാനും നിമിഷങ്ങളേയുള്ളു. അൾത്താരയ്ക്ക്  പിറകിൽസങ്കീർത്തിയിൽ റപ്പായി അച്ചൻ പൈനാ ധരിച്ചു കൊണ്ടിരിക്കുന്നു.  മുതിർന്ന അൾത്താര ബാലൻ ജോമി അച്ചനെ പൈനായുടെ കൈ നേരെയാക്കാൻ സഹായിക്കുന്നുണ്ട്.  ഒപ്പം തന്നെ മറ്റുള്ള അൾത്താര ബാലന്മാർക്കു ചുമതലകൾ വിഭജിച്ചു നൽകുന്നുമുണ്ട്.  ജിനുമോന് കാറോസൂസാഎഡിസണ് അനുതാപ സങ്കീർത്തന പ്രാർത്ഥനമേൽവിന് ധൂപക്കുറ്റി...  ഇങ്ങനെ പോകുന്നു ഓരോരുത്തരുടെയും ചുമതലകൾ.

അൾത്താരയിലെ വലിയ കുരിശിലെ ക്രൂശിതന്റെ മുഖം ഒന്നുകൂടെ പരിക്ഷീണിതമാണെന്നു എനിക്ക് തോന്നി. ഗദ്സെമെനിലെ പ്രാർത്ഥനാരാവിന്റെ  പരിക്ഷീണത തന്നെയല്ലേ അത്?  ഒരു മണിക്കൂറ് പോലും തികച്ചു പ്രാർത്ഥിക്കാൻ സാധിക്കാത്ത  പത്രോസും കൂട്ടരും.  എന്റെ ചിന്തകളെ ഉണർത്തിയത് കുർബാന മണിയാണ്.  കുർബാന തുടങ്ങുകയായി.  ഞാൻ എഴുനേറ്റു നിന്ന് കൈകൾ കൂപ്പി.

ഇടക്കൊന്നു പിറകിലേക്ക് പാളി നോക്കിയപ്പോഴാണ് മനസ്സിലായത്കുർബാനക്ക് ആളുകളധികം കാണുന്നില്ല.  കൊറോണ കുറേശ്ശേയായി ദൈവവിശ്വാസത്തെ പേടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  കർത്താവേഈ വിശ്വാസ പരീക്ഷകനെ ഇതിൽനിന്നു പിന്തിരിപ്പിക്കണെ.  അവനങ്ങനെ ജയിച്ചു കയറുന്നത് കാണാൻ വയ്യേ...  അപ്പോഴാണ് ഇന്നലത്തെ പത്ര വാർത്ത ഓർമ്മവന്നത് .  റോമില് ഫ്രാൻസിസ് മാർപാപ്പ തന്റെ മുറിയിൽ ഒറ്റയ്ക്കാണത്രെ കുർബാന ചൊല്ലിയത്!  മൂപ്പർക്ക് കുറച്ചു മെത്രാന്മാരെയെങ്കിലും കൂടെ കൂട്ടാമായിരുന്നു.  ഒറ്റയ്ക്ക് ചൊല്ലുന്നതാണ് നല്ലതെന്നു മൂപ്പരും കരുതിക്കാണും.

എന്തായാലും റപ്പായി അച്ചൻ ഭാഗ്യവാൻ!  അഞ്ഞൂറുണ്ടാകേണ്ടിടത്തു അമ്പതു കുഞ്ഞാടുകളെങ്കിലും കുർബാന കൂടാൻ വന്നിട്ടുണ്ടല്ലോ?

ധൂപാശീർവാദം  തുടങ്ങിയിരിക്കുന്നു.  ഈ കുന്തുരുക്കത്തിന്റെ മണത്തിനു ഒരു വല്ലാത്ത വശ്യത തന്നെ!  പ്രാർത്ഥിക്കാൻ തന്നത്താനെ തോന്നിക്കൊള്ളും.  സ്വർഗ്ഗത്തിലപ്പടി കുന്തുരുക്കത്തിന്റെ മണമാണെന്നാണ് ആദ്യ കുർബാന കൈകൊള്ളപ്പാടിന് ഒരുക്കിയ സിസ്റ്റർ ലിയോണി പറഞ്ഞു തന്നിട്ടുള്ളത്.  തേക്കുടന്റെ അന്തോണി അത് അന്നേ തള്ളി കളഞ്ഞതാണ്.  എപ്പഴും കുന്തിരുക്കം പുകച്ചാൽ സ്വർഗത്തിൽ ആകെ പുക നിറയില്ലേ  എന്നാണ് അവൻ ചോദിച്ചത്.   എനിക്ക് പക്ഷെസിസ്റ്റർ ലിയോണിയെ വിശ്വാസമായിരുന്നുഅതിലേറെ ഇഷ്ടവും.  കാരണംഎന്റെ കയ്യക്ഷരം നല്ലതാണെന്നു ക്ലാസ് മുഴുവൻ കേൾക്കെ പ്രഖ്യാപിച്ചത് സിസ്റ്റർ ലിയോണി ആയിരുന്നല്ലോ?  എനിക്കെന്തോ സമ്മാനം തരികയും ചെയ്തു.  എന്താണത്?  ശ്ശെഓർമ്മ വരുന്നില്ല. സിസ്റ്റർ ലിയോണി മരിച്ചിട്ടിപ്പോൾ  മുപ്പതു കൊല്ലം കഴിഞ്ഞിരിക്കുന്നു.  മഠത്തിലെ മുകൾ നിലയിലെ കപ്പേളയിൽനിന്നു താഴേക്കിറങ്ങുമ്പോൾ ഗോവണിയിൽ വച്ച് കാൽ വഴുതിയെന്നാണ് പറയപ്പെടുന്നത്.  

വചന ശുശ്രൂഷ തുടങ്ങുകയാണ്.  കെറിയാനാ പുസ്‌തകം വായിക്കുന്നത് സെൻറ് ബർത്തലോമിയോ  പ്രാർത്ഥനാ കൂട്ടായ്മയിലെ വിൽസൺ ആണ്.  ഈ വിൽസന്റെ ഒരു കാര്യം;  ഈയിടെ കുരിശിന്റെ വഴി ചൊല്ലുമ്പോൾ പന്ത്രണ്ടാം സ്ഥലത്തു വിൽസൺ ഒറ്റശ്വാസത്തിൽ വായിച്ചത് ഈശോമിശിഹാ കുരിശിൽ 'തൂങ്ങിമരിക്കുന്നു’ എന്നാണ്!  'തൂങ്ങി’ കഴിഞ്ഞു ഒന്ന് നിർത്തിയിട്ടു വേണ്ടേ 'മരിക്കുന്നുഎന്ന് പറയാൻ?  ഇതിപ്പോ കർത്താവ് കുരിശുമേക്കയറി തന്നത്താനെ... ഇനിയിപ്പോ വിത്സനോട് ഇതൊന്ന് പറഞ്ഞാലോഅതുമതി പിന്നെ പുകിലോട് പുകിലാവാൻ. 

എങ്കർത്ത പുസ്‌തകം വായിക്കുന്നത് സിസിലിയാണ്.  സാരിത്തലപ്പ് തലവഴി ഇടാതെയാണ് സിസിലി  കുർബാനക്ക് കൂടുക.  ഇത്തിരി നെഗളം സിസിലിക്ക്  പണ്ടേ ഉള്ളതാണ്.  താൻ പിടിച്ച മുയലിന്  നാല് കൊമ്പ്!  ഒറ്റയ്ക്ക് പജേറോ ഓടിച്ചല്ലേ പള്ളിയിൽ വരുന്നത്?  ചിലപ്പോ പിള്ളേരെ കൂടെ കാണാം.  പള്ളിയിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ സ്റ്റേജിൽ കയറി ആളാവാൻ കിട്ടുന്ന ഒറ്റ അവസരവും സിസിലി  വിട്ടു കളയാറില്ല. പറയുമ്പോ എല്ലാം പള്ളിക്കു വേണ്ടിയാണെന്നാണ് വയ്പ്പ്.   എല്ലാം ഒരു കാട്ടിക്കൂട്ടൽ തന്നെ!

അതും പോരാഞ്ഞു വലിയ ഡാൻസർ ആണെന്നാണ് സിസിലിയുടെ  വിചാരം.  കഴിഞ്ഞ വാർഷികത്തിന്  പള്ളിയിൽ നടന്ന ഒരു ഗ്രൂപ്പ് ഡാൻസ് പരിപാടിയിൽ പങ്കെടുത്ത സിസിലിയോട് കൂടെ കളിച്ച കൂട്ടുകാരിയുടെ ഭർത്താവ് പറഞ്ഞത് 'ഈ കിളവികളുടെ ഒരു വക കളിഎന്നാണ്.  പിന്നെ കുറെ നാൾ സിസിലി  അവരോടു മുഖം വീർപ്പിച്ചു നടക്കുകയായിരുന്നു എന്നാണ് കേട്ടത്. അല്ലെങ്കിലും അയാൾ എന്തു വായിൽ കൊള്ളാത്ത വർത്തമാനമാണ് പറഞ്ഞത്?  നാൽപ്പത്ഏറിയാൽ നാൽപ്പത്തി നാല് വയസ്സു മാത്രമുള്ള സ്ത്രീകളെ കിളവികൾ എന്ന് വിളിക്കാൻ പാടുണ്ടോ?  ഇനി വിളിച്ചാൽ തന്നെ മനസ്സിൽ പറയാതെ ഉറക്കെ പറയാൻ പാടുണ്ടോഅരസികൻ.

സുവിശേഷ വായനയ്ക്കുള്ള ഒരുക്കമാണ്. അൾത്താര ബാലന്മാർ മെഴുതിരി കാലുകളുമായി റപ്പായി അച്ചന്റെ വായനപീഠത്തിന് ഇരുപുറവുമായി നിലയുറപ്പിച്ചു കഴിഞ്ഞു.  "വി. മത്തായി അറിയിച്ച നമ്മുടെ കർത്താവീശോ മിശിഹായുടെ പരിശുദ്ധ സുവിശേഷം".  അച്ചൻ സുവിശേഷ വായന ആരംഭിക്കുകയാണ്.

"നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി" പറഞ്ഞു ഞാൻ സുവിശേഷ വായനയിലേക്ക് ശ്രദ്ധ തിരിച്ചു.  അപ്പോഴാണ് ഏകദേശം രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള ഒരു കുഞ്ഞു ഓടി വന്ന് അൾത്താര പടികളുടെ മുന്നിൽ കാലു തെറ്റി 'പോത്തോഎന്ന ശബ്ദത്തിൽ അലച്ചു വീണത്. അതിന്റെ നെഞ്ച് കലങ്ങി കാണും. പാവം!  പിള്ളേരുടെ ഒരു കാര്യം.

കുറേപ്പേർ  പിന്നെ ആ കുഞ്ഞിനെ ശ്രദ്ധിക്കാൻ തുടങ്ങി.  അതുകൊണ്ട് സുവിശേഷ വായന ശ്രദ്ധിക്കാൻ എനിക്കും പറ്റിയില്ല. ഞാൻ മാത്രമല്ലകുറെ പേരെങ്കിലും വായന ശ്രദ്ധിച്ചു കാണാൻ വഴിയില്ല. 

എത്ര  പറഞ്ഞാലും കൊച്ചു കുഞ്ഞുങ്ങളുമായി വരുന്നവർ 'ബേബീസ് റൂമിൽഇരിക്കില്ല.  എന്നിട്ടങ്ങിനെ മറ്റുള്ളവർക്കും കുർബാനയിൽ ശ്രദ്ധിക്കാൻ പറ്റാത്ത തരത്തിൽ കുഞ്ഞുങ്ങളെ തോന്നിയ പോലെ കളിയ്ക്കാൻ വിടും.  ഇവറ്റകളെയൊക്കുണ്ടല്ലോ... എന്റീശോയെ ക്ഷമിക്കണേ.  ഈ പലവിചാരത്തീന്നു  കാത്തു കൊള്ളണേ.

അപ്പോഴാണ് അൾത്താരപ്പിള്ളേർ 'കാറോസൂസാചൊല്ലി തുടങ്ങിയത്.  ഇന്നെന്താ പ്രസംഗം ഇല്ലേ?  ഓ മറന്നു പോയി.  കുർബാന സമയം ചുരുക്കാൻ മെത്രാന്റെ കൽപന വന്നിട്ടുണ്ടല്ലോ?  കൊറോണ പടരാതിരിക്കാനുള്ള മുൻകരുതൽ.  എന്ത് ചെയ്തിട്ടെന്താ?  കൊറോണ പിടിക്കാതിരിക്കാൻ മിശിഹാ തമ്പുരാൻ തന്നെ വിചാരിക്കണം.  പിന്നെഇവിടെഈ ഗൾഫിലെ നിയമങ്ങൾ കടു കട്ടിയായതുകൊണ്ട്  മാറ്റി പിടിച്ചില്ലേൽ പണി കിട്ടിയത് തന്നെ.  എല്ലാറ്റിനും കാരണം ഈ നാശം പിടിച്ച കൊറോണയാണ് .  മനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കാൻ ഓരോന്ന് വന്നു ചേർന്നു കൊള്ളും.  തോട്ടം മുടിയാൻ കാലത്തെ മുച്ചീർപ്പൻ.

ഇത്രയും ആലോചിച്ചു കഴിഞ്ഞപ്പോഴേക്കും കുർബാനകാറോസൂസയും കഴിഞ്ഞു വിശ്വാസ പ്രമാണത്തിന്റെ പടികൾ കയറിക്കഴിഞ്ഞിരുന്നുഒന്നൊന്നര മണിക്കൂറുണ്ടാകാറുള്ള  കുർബാന അര മണിക്കൂറു കൊണ്ട് തീരുന്ന മട്ടുണ്ട്.  അതും പോരാണ്ടു കൊന്ത ചൊല്ലലുംനൊവേനകളുംകുരിശിന്റെ വഴിയും ഒക്കെ നിർത്തിയിരിക്കുന്നു.  ആളുകൾ കൂട്ടം കൂടിയാൽ കൊറോണ പടരാൻ സാദ്ധ്യതയുണ്ടത്രേ.  അതുകൊണ്ടിപ്പോ കുർബാന കഴിയുമ്പോഴേക്കും പള്ളിമുറ്റം കാലി!  ആരോടെങ്കിലും ഒന്നും രണ്ടും പറഞ്ഞു നിൽക്കാമെന്ന് വച്ചാൽ ഒറ്റയൊരുത്തൻ പോലും പള്ളിമുറ്റത്ത് ഇല്ല.  പറഞ്ഞിട്ട് കാര്യമില്ല.  ചുമ്മാ തുമ്മിയാലും ചുമച്ചാലും ഇപ്പോൾ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും  പേടിയാണെന്നതാണ് സത്യം.  കൊറോണയല്ലെന്നാരു കണ്ടു?  ഇതൊരു വല്ലാത്ത  കാലം തന്നെ.

അനാഫൊറ തുടങ്ങി കഴിഞ്ഞു.  സമാധാന ആശംസ നൽകുന്നത് കൈകൾ തമ്മിൽ മുട്ടിക്കാതെപകരം, പരസ്പരം നോക്കി പുഞ്ചിരിയോടെ തല കുമ്പിട്ടുകൊണ്ട്  മതിയെന്നാണ് പുതിയ നിർദേശം.  ഓആയിക്കോട്ടെ.  ഇതിപ്പോ ആരുടെയും കുറ്റമല്ലല്ലോ?  കൊറോണയല്ലേ കൊറോണ!  റപ്പായി അച്ചൻ മൂന്നാം പ്രമാണ ജപം തുടങ്ങിയിരിക്കുന്നു.  പിലാസയിൽ അപ്പത്തിന്റെ രൂപത്തിൽ മുറിക്കപ്പെടാൻ പോകുന്നവന്റെ വേദനയുടെ ആഴം അനുഭവവേദ്യമാകുന്ന നിമിഷങ്ങൾ; ഗെദ്സെമെനിൽ  ഇറ്റു വീണ രക്തത്തുള്ളികൾ ഒരു ഓർമ്മപ്പെടുത്തലായി മാറുന്ന നിമിഷങ്ങൾ ഒറ്റുകാരൻ സ്നേഹിതനായി മുന്നിലിരിക്കുമ്പോൾ തകർന്നുപോയ ഒരു ഹൃദയത്തിന്റെ നൊമ്പരങ്ങൾ മനസ്സിന്റെ വിങ്ങലായി മാറുന്ന നിമിഷങ്ങൾപ്രാണന് തുല്യം സ്നേഹിച്ചവൻ പ്രാണഭയത്താൽ തള്ളിപ്പറഞ്ഞപ്പോൾ തകർന്ന ഒരു മനസ്സിന്റെ  തേങ്ങലും ഈ പരിശുദ്ധ നിമിഷങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്ഒടുവിൽകാൽവരിയിലെ മരക്കുരിശിൽ ആർത്തനായ അവന്റെ തൊണ്ടയിലെ ദാഹവും ഇപ്പോൾ ഈ ദിവ്യരഹസ്യങ്ങളിൽ  പൂർത്തിയാകുന്നു. 

റൂഹാക്ഷണ പ്രാർത്ഥനയുടെ മണിമുഴക്കം എന്റെ പലവിചാരങ്ങൾക്ക്  പൂർണ്ണവിരാമം ഇട്ടു.  പരിശുദ്ധാത്മ സാന്നിധ്യം ഹൃദയത്തിൽ നിറയുന്ന നിമിഷങ്ങൾ.  പരിപൂർണ നിശബ്ദതയിൽഹൃദയത്തിന്റെ ആഴങ്ങളിൽമദ്ബഹായുടെ സ്വർഗീയ വിശുദ്ധിയിൽ ക്ഷണിക്കപ്പെട്ടവന്റെ ജീവൽ സാന്നിധ്യം മഞ്ഞുകണമായി അലിഞ്ഞിറങ്ങുന്ന ധന്യ നിമിഷം! ദിവ്യബലിയിൽ അത്ഭുതം അടയാളപ്പെടുത്തുന്ന നിമിഷം!  

പരിശുദ്ധ കുർബാന സ്വീകരണ സമയമായപ്പോൾ അതാറപ്പായി അച്ചന്റെ അടുത്ത നിർദ്ദേശം.  ആരും പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കരുത്.  പകരംകൈകളിൽ സ്വീകരിക്കണം.  കൊറോണ തന്നെ ഇവിടെയും വില്ലൻ.  എനിക്കാണെങ്കിൽ പരിശുദ്ധ കുർബാന നാവിൽ മാത്രം സ്വീകരിച്ചാണ് ശീലം.  ആദ്യ കുർബാന സ്വീകരിച്ച അന്ന് മുതലുള്ള ശീലമാണ്.  ഭക്തിപൂർവ്വം നാവിൽ സ്വീകരിച്ച്പല്ലു തട്ടാതെചവയ്ക്കാതെനാവിൽത്തന്നെ അലിയിച്ച് ഇറക്കണം.  അങ്ങിനെയാണ് സിസ്റ്റർ ലിയോണി പഠിപ്പിച്ചു തന്നിട്ടുള്ളത്.  അറിയാതെയെങ്ങാൻ ചവച്ച് പോയാൽ നാവിൽ ചോര പറ്റുമത്രെ!  അന്നൊക്കെ കുർബ്ബാന നാവിൽ സ്വീകരിക്കുമ്പോൾ പേടിയായിരുന്നു.  എങ്ങാനും പല്ല് അതിന്മേൽ കൊള്ളുമോ?  ചോര വന്നാൽ എന്തു ചെയ്യും?   ഇക്കാലമത്രയും കാത്തു പോന്ന വിശ്വാസവും കരുതലുമാണത്.  അപ്പോഴാണീ കൊറോണയുടെ വരവ്.  കൊലച്ചതി!

അതിനിടെയാണ് തൊട്ടടുത്തിരിക്കുന്ന പാലാക്കാരൻ തോമസ് വേറൊരു കൊറോണ വിശേഷം ചെവിയിൽ പറയുന്നത്.  ഷാർജയിലെ സെന്റ് മൈക്കിൾ ദേവാലയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിച്ചിടുകയാണത്രെ.  കുർബാനക്കിടയിൽ മൊബൈലിൽ വാട്സാപ്പും നോക്കി അവൻ ഇരിക്കുന്നത് കണ്ടപ്പോഴേ എന്തോ പുതിയ വാർത്ത അവനു കിട്ടിയിട്ടുണ്ടാകുമെന്നു ഊഹിച്ചതാണ്‌.  ഏതായാലും ഊഹം തെറ്റിയില്ല.  എന്തായാലും ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെ.  ഇനി അധികം വൈകാതെ നമ്മുടെ പള്ളിയും അടക്കുമോ?  പൊന്നീശോയെ ഇതെന്തൊരു അനർത്ഥം?

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തിനമ്മുടെ കർത്താവിന്റെ ...

കുർബാന കഴിഞ്ഞിരിക്കുന്നു.  ഇനി മെല്ലെ പുറത്തു കടക്കാം.  പള്ളിമുറ്റത്തു കൂട്ടം കൂടാൻ പാടില്ല എന്നാണ് അച്ചൻ പറഞ്ഞിരിക്കുന്നത്.  നേരെ പിന്നിലെ ഹോട്ടലിൽ നിന്ന്  പ്രഭാത ഭക്ഷണം കഴിച്ചു വേഗം താമസസ്ഥലം പിടിക്കാം.  ആഞ്ഞു നടന്നു.ആരെയും ശ്രദ്ധിക്കാൻ പോയില്ല.  അതോ ആരും തന്നെ ശ്രദ്ധിക്കാത്തതോ?  സാധാരണ നോട്ടീസ് ബോർഡിന്റെ മുന്നിൽ കുറച്ചു നേരം നിന്ന് അറിയിപ്പുകളും മറ്റും വിശദമായി വായിക്കുക പതിവാണ്.  ഇന്നെന്തായാലും അതിനു മെനക്കെട്ടില്ല.  മാത്രമല്ലഅതിന്റെ മുന്നിൽ കുറച്ചാളുകൾ തിക്കിത്തിരക്കുന്നുമുണ്ട്.  എന്താണാവോ വിശേഷിച്ച് ?  പിന്നെ നോക്കാം.  അതിനിടയിലെങ്ങാനും വല്ല കൊറോണക്കാരനും ഉണ്ടെങ്കിലോ?  അതുമതി പുലിവാലാവാൻ.

ഹോട്ടലിൽ എത്തി.  ഒരു കാപ്പിയും മസാലദോശയും ഓർഡർ ചെയ്തു പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തു പതിവ് കലാപരിപാടികളിലേക്കു കടന്നു.  വാട്സ്ആപ്പ് ആണ്  ആദ്യം തുറന്നത്.  ഒരു പത്തു നൂറെണ്ണം വന്നു കിടപ്പുണ്ട്. ഒന്ന് ഓടിച്ചു നോക്കാം.  അത് കഴിഞ്ഞിട്ടു വേണം ഫേസ് ബുക്കിൽ കയറാൻ.  യൂട്യൂബിൽ കയറിയിറങ്ങാൻ ഇപ്പോൾ സമയം ഉണ്ടാകുമെന്നു തോന്നുന്നില്ല.  പറ്റിയാൽ നോക്കാം.

 അപ്പോഴാണ് കുരിയച്ചിറക്കാരൻ  സിന്റോ എതിരെ വന്നിരുന്നത്. അവനും എന്റെ ക്യാമ്പിലുള്ളതാണ്

 “ഡാ ഗെഡിനീ വിവരറിഞ്ഞാ?”

എനിക്ക് കാര്യം മനസിലായില്ല.  എന്തറിഞ്ഞോ എന്നാണ് ഇവൻ പറഞ്ഞുവരുന്നത്?

“നീ കാര്യം തെളിച്ചു പറ”. എന്റെ അക്ഷമ ഞാൻ മറച്ചു വച്ചില്ല.

 “മ്മടെ ഏർപ്പായച്ചൻ ദിപ്പന്നെ പറഞ്ഞതാട്ടാഇന്നത്തോട് കൂടി കുർബാന കഴിഞ്ഞൂന്ന്”.

 എനിക്കാകെ അമ്പരപ്പായി.  കുർബാന കഴിഞ്ഞു ഇപ്പോൾ തന്നെയാണല്ലോ ഞാനും ചായ കുടിക്കാൻ വന്നു കയറിയത്.  അതിനിടക്ക് ഞാൻ കേൾക്കാത്ത ഈ കാര്യം ഇവൻ എപ്പോഴാണ് കേട്ടത്

 “സിന്റോനീ കാര്യം മുഴുവൻ പറയ്.”  ഞാൻ അല്പം മുന്നോട്ടു നീങ്ങി ഇരുന്നു.

 “ഇനി ഈ കൊറോണകാലം കഴിഞ്ഞട്ടാ കുർബാന ഇണ്ടാവൊള്ളോന്ന്.  പള്ളി പൂട്ടീന്ന്. അതന്നെ. തെങ്ങേരെ മൂട്.   ഇനീപ്പോ ഈ കൊറോണ കാരണം  മുറീന്ന് പോർത്തയ്ക്ക് എറങ്ങാൻ പറ്റിയാ മത്യാർന്നു”.

 ആവി പറക്കുന്ന ചായയും മസാലദോശയും എന്റെ മുന്നിലിരുന്ന്‌ തണുക്കുന്നു. മസാലദോശയുടെ നീളമുള്ള ഒരു തുമ്പ് മേശമേൽ മുട്ടിക്കിടക്കുന്നത് ഞാൻ മടക്കി പ്ലേറ്റിനുള്ളിലാക്കി വച്ചു. സത്യം പറഞ്ഞാൽ കഴിയ്ക്കാൻ തോന്നിയില്ല.  ഈ നോമ്പ് കഴിഞ്ഞു ഈസ്റ്റർ അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് പള്ളി തന്നെ പൂട്ടിയിരിക്കുന്നത്! പോർക്കിറച്ചിയൊക്കെ ഏർപ്പാടാക്കി വച്ചിരുന്നതാണ്. പച്ചക്കുപ്പി മൂന്നെണ്ണം അന്തോണി ഏറ്റിരുന്നതാണ്‌ . ഇനിയിപ്പോ എന്ത് ആഘോഷം?

 ഞാൻ പതുക്കെ എഴുന്നേറ്റു.  പുറത്തു കടന്നപ്പോഴേ സിന്റോ പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി.  നോട്ടീസ് ബോർഡിൽ കാര്യങ്ങൾ വ്യക്തമായി എഴുതി ഒട്ടിച്ചിട്ടുണ്ട്.   ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ  കുർബാന മാത്രമല്ലപ്രയർ മീറ്റിംഗുകളും ഇല്ല.  കുർബാന എല്ലാവര്ക്കും  വീട്ടിലിരുന്നു ഇന്റർനെറ്റിലൂടെ ലൈവ് കാണാൻ സൗകര്യം ഒരുക്കുന്നുണ്ടെന്നാണ് മെത്രാനച്ചൻ എഴുതി വിട്ടിരിക്കുന്നത്. എന്നാലും ഇത്രപെട്ടെന്ന് ഇത് സംഭവിക്കുമെന്ന് കരുതിയില്ല. ഇത്തവണത്തെ ഈസ്റ്റർ ആഘോഷം ചീറ്റിയതു തന്നെ.  ഓഅല്ലെങ്കിലും മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽഅപായകരമായ വിധത്തിൽ കൊറോണയെന്ന മാരക വ്യാധി ലോകമാകെ പടർന്നു പിടിച്ചു, പിടിവിട്ടു പൊയ്ക്കൊണ്ടിരുന്ന സമയത്താണോ ഈസ്റ്റർ ആഘോഷം?  ആദ്യം കൊറോണയെന്ന സംഹാരദൂതൻ കടന്നു പോയി ബാക്കി ആരൊക്കെ അവശേഷിക്കും എന്ന് നോക്കട്ടെ.  എന്നിട്ടു  മതി ബാക്കി കാര്യങ്ങൾ.  മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്താലും അന്തിമ നടപടി കർത്താവിന്റെയാണെല്ലോ?  ആ ഒരു തിരിച്ചറിവാണ് ഇനി മനുഷ്യർക്ക്  വരാനുള്ളത്.

 കർത്താവെ കാത്തോളണേ .  ഞാൻ പതുക്കെ നടന്നുബസ് സ്റ്റോപ്പിലേക്ക്. ഇനിയിപ്പോ എന്ന് കുർബാന പുനരാരംഭിച്ച് പള്ളിയിൽ വരാനാണ്?    കർത്താവിനോടൊരു ബൈ പറഞ്ഞേക്കാം.  പള്ളിപ്പടിക്കൽ എത്തും മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി .  അപ്പോഴാണ് ആനവാതിലിന്റെ വിടവിലൂടെ ഞാൻ ആ കാഴ്ച കണ്ടത്;  അൾത്താരക്ക് മുകളിലുള്ള വലിയ മരക്കുരിശിൽ തൂങ്ങിക്കിടക്കുന്ന ആലാഹയുടെ ഒറ്റപ്പുത്രൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു!  ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞതു പോലെ

ബൈജു തറയിൽ

==========================

പദസൂചിക: 

സങ്കീർത്തി:   വൈദികർക്കും ശുശ്രൂഷികൾക്കും തിരുവസ്ത്രങ്ങൾ അണിയുന്നതിനുള്ള സ്ഥലം.

പൈനാ:  പുരോഹിതൻ ഏറ്റവും പുറമെ അണിയുന്ന തിരുവസ്ത്രം.

കേറിയാനാ:  പഴയ നിയമത്തിലെ വായനകൾ മാത്രം അടങ്ങിയ പുസ്‌തകം.

എങ്കർത്ത:  ലേഖനഭാഗങ്ങൾ മാത്രം അടങ്ങിയ പുസ്‌തകം.

അനാഫൊറ: കത്തോലിക്കാ  കുർബ്ബാനയിലെ വളരെ പ്രധാനമായ ഒരു പ്രാർത്ഥന.  

7 comments:

  1. Got a feeling of attending the holy Mass. Beautiful story

    ReplyDelete
  2. ഒരു കുർബ്ബാന കൂടിയ അനുഭവം. നന്നായിരിക്കുന്നു. തുടർന്നുമെഴുതുക.

    ReplyDelete
  3. കഥ വളരെ നന്നായിട്ടുണ്ട്. ഗൾഫിലെ കൊറോണ സാഹചര്യങ്ങളുടെ ഒരു നേർചിത്രം. രചനാരീതിയും നന്നായിട്ടുണ്ട്.ആശംസകൾ!

    ReplyDelete
  4. രസകരമായ കഥാരചന. അഭിനന്ദനങ്ങൾ!

    ReplyDelete
  5. നന്നായിരിക്കുന്നു. വായനാസുഖമുള്ള രചന.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot